Thursday, July 1, 2021

കുക്കുമ്പർ സിറ്റി🥒/ വെള്ളരിക്കാപ്പട്ടണം

രായ്ക്കുരാമാനം സ്ഥലം വിട്ടാലോ എന്ന് ആലോചിച്ചതാ! 
ജാംബവാന്റെ കാലത്തെ ഐഡിയ ആണല്ലോ എന്നോർത്ത് വേണ്ടാന്നു വച്ചു .

നൂല് പൊട്ടിയ പട്ടം പോലെ മനസ്സ് പോയപ്പോൾ തന്നെ അതിനോട് നല്ല പച്ചമലയാളത്തിൽ പറഞ്ഞതാ വേണ്ട വേണ്ട എന്ന്. ആര് കേൾക്കാൻ? 
ശങ്കരൻ വീണ്ടും തെങ്ങേൽ 🌴തന്നെ! 
അല്ലേലും നായേടെ🐕 വാല് പന്തീരാണ്ടുകാലം കുഴലിൽ ഇട്ടിട്ടും കാര്യം ഇല്ലല്ലോ!

ചെകുത്താനും കടലിനും ഇടയിൽ പെട്ട പോലെ! ഹോ!

മഴ🌧️🌧️ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഇരുന്നതല്ലേ! 
എന്നിട്ടും എന്താ ഇങ്ങനെ, ലെ?

അന്നേ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. അതെങ്ങനെയാ മൂത്തോർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കുമല്ലോ! ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായി!

ചിലപ്പോൾ തോന്നും ചുണ്ടിനും 🍵കപ്പിനും ഇടക്ക് വച്ച് പോയതാണെന്ന്! ചിലപ്പോൾ തോന്നും മുറ്റത്തെ മുല്ലക്ക് മണമില്ലാത്ത കൊണ്ടാണെന്ന് . പിന്നെ ചിലപ്പോൾ തോന്നും കണിയാനോട് തെങ്ങിൽ കയറാൻ പറഞ്ഞത് കൊണ്ടല്ലേ എന്ന്.

എന്തായാലും കയ്യാലപ്പുറത്തെ 🥥തേങ്ങാ പോലെ ഇരിക്കുന്നതിനേക്കാൾ നല്ലതു ഇതല്ലേ? 

ഒരു തരം ചിറ്റമ്മനയം, ലെ? 
ഒരു മാതിരി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ പോലെ.

വെള്ളത്തിൽ വരച്ച വരയായി എല്ലാം!
പഴമക്കാർ പറയുന്ന പോലെ കതിരിനു വളം വച്ചിട്ടു എന്ത് കാര്യം? 
എലിയെ🐀 തോൽപ്പിച്ച് ഇല്ലം ചുടുന്ന ആൾക്കാരോട് പറഞ്ഞിട്ട് എന്ത് കാര്യം? 

ഇരുട്ടു കൊണ്ട് ഓട്ട അടക്കട്ടെ - അതല്ലേ നല്ലതു? 
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തട്ടെ !

വെള്ളരിക്കാപ്പട്ടണം ആണല്ലോ-  അർദ്ധരാത്രിയിലും കുട ⛱️പിടിക്കും.

അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാണഴി എന്ന് പറയും.

അധികം ആയാൽ അമൃതും വിഷം - അത്രേ ഉള്ളൂ . അതന്നെ!

ഇതൊക്കെ ആണേലും ഒന്നുണ്ട് - കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ലല്ലോ! 

അതൊരു ഒന്ന് ഒന്നര വിശ്വാസം!

ഇതിപ്പോ ഒരു കഥയാണെന്ന് തോന്നിയാൽ - അതെ - ഇതൊരു പണി പാളിയ കഥയാണ്!

ഇംഗ്ലീഷ് ഇടിയംസ് പഠിച്ചു പഠിച്ചു മലയാളം ഇടിയംസിലേക്കു എത്തിയ ഒരു കഥ!

ശീലുകൾ വച്ച് എഴുതാൻ അരക്കൈ നോക്കീതാ! ശീലുകൾ മലയാളത്തിൽ ഇഷ്ടം പോലെ ഉണ്ട്, പലതും നമ്മൾ അറിയാതെ നമ്മുടെ സംസാരത്തിൽ കേറിപറ്റിയവ! 

ഏതായാലും വളരെ തിരക്ക് പിടിച്ച ഒരു ദിവസം കഴിഞ്ഞു, അതും ക്ഷമയുടെ നെല്ലിപ്പലക കണ്ട ഒരു ദിവസം ഇത് എഴുതിയപ്പോൾ ഒരു സുഖം!😉

അല്ലെങ്കിലും ഇടിയംസ് എന്റെ കണ്ണിലുണ്ണിയല്ലേ!🤗🤗🤭

4 comments: