Saturday, July 31, 2021

മിഥ്യ

എന്റെ ബ്ലോഗിനെ ഞാനൊരു ഓൺലൈൻ ഡയറി ആയാണ് കാണുന്നത്. പണ്ട് ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു. അതിപ്പോൾ ബ്ലോഗ് ആയി എന്ന് മാത്രം! ഇപ്പോൾ എഴുതി വയ്ക്കുന്നത് ഒരു പക്ഷെ കുറെ നാൾ കഴിഞ്ഞു വായിക്കുമ്പോൾ കൗതുകം ഉണർത്തിയേക്കാവുന്നവ. ഒരു പക്ഷെ ഞാൻ വായിക്കാൻ വന്നില്ലെങ്കിലും മറ്റുള്ളവർക്കു വായിക്കാൻ തോന്നുന്നവ!

ഞാനാദ്യമായി എഴുതിയ കഥ ഏതാണെന്നു ഓർമയില്ല. സ്കൂളിലെ ഒരു കഥാരചന മത്സരത്തിന് വേണ്ടി എഴുതിയത് ഓർമയുണ്ട്. എന്നാൽ രണ്ടാമത് എഴുതിയ കഥ നല്ല പോലെ ഓർമയുണ്ട്. 'മിഥ്യ' എന്നായിരുന്നു ഞാൻ അതിനു പേരിട്ടത്! കഥയും കഥാപാത്രങ്ങളും ആത്മാംശമുള്ളതായിരുന്നു. ആത്മാംശം എന്ന് പറയുമ്പോൾ അത് വരെ ഉള്ള ജീവിതത്തിൽ നിന്നുതിർത്തിയതല്ല, ഒരു പക്ഷെ വർഷങ്ങൾക്കപ്പുറം നടന്നേക്കാവുന്ന പോലെയുള്ള എഴുത്തായിരുന്നു അത്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കുറെയൊക്കെ അത് പോലെ നടന്നിട്ടുണ്ട് എന്നും തോന്നിയിട്ടുണ്ട്. എഴുത്തിലേക്ക് എത്തിപെടാനായി ഈയൊരു കാര്യം കുറച്ചു ദിവസമായി മനസ്സിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു. എന്ത് കൊണ്ടോ ഇന്നാണത് അക്ഷരകൂട്ടുകളിലേക്ക് രൂപാന്തരപ്പെട്ടത് .

ഇപ്പോഴും അജ്ഞാതമാണ് എന്ത് കൊണ്ട് 'മിഥ്യ' എന്ന പേര് ആ കഥയ്ക്ക് തിരഞ്ഞെടുത്തുവെന്നത്. കഥയും കഥാപാത്രങ്ങളും എന്നിലേക്ക് വന്നത് പോലും ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല എന്നതും വ്യക്തമായി ഓർക്കുന്നു. വിരൽത്തുമ്പിലേക്കു വന്നത് എഴുതി പിടിപ്പിച്ചത് മാത്രമാകാം ഞാൻ ചെയ്തതും. അത് പോലെ തന്നെയാകും പേരിട്ടതും!

മിഥ്യ' എന്നൊരാ വാക്ക് അത്രമേൽ എന്നിൽ ആലോചന നിറയ്ക്കുന്നുണ്ടായിരിക്കാം, അതാണല്ലോ എനിക്കിതു എഴുതാൻ തോന്നിയത്. അത് പോലെയൊരു കഥ അന്നത്തെ പ്രായത്തിൽ എനിക്കെങ്ങനെ എഴുതാനായി? അത് തന്നെയൊരു മിഥ്യയല്ലേ? അതിലെ കഥാസന്ദര്ഭങ്ങളിൽ പലതും ഇപ്പോൾ നടന്നു കഴിഞ്ഞിരിക്കുന്നു താനും!

ഒരു പക്ഷെ, നമ്മൾ സത്യമായി കരുതിയെതെല്ലാം മിഥ്യയായിരുന്നിരിക്കാം! അത് പണ്ടേ ഏതോ രീതിയിൽ അറിഞ്ഞിരിയ്ക്കാം, പ്രകടമായല്ലെങ്കിലും.ജീവിതത്തിൽ പലതും മിഥ്യ തന്നെയാണ്! നമ്മൾ സത്യമായി കരുതിയതൊക്കെ മിഥ്യ ആയിരുന്നെന്നു നമുക്ക് കാണിച്ചു തരും - ജീവിതസാഹചര്യങ്ങളിലൂടെയും മനുഷ്യരുടെ സ്വഭാവവൈചിത്ര്യങ്ങളിലൂടെയും. നമ്മൾ സത്യമായി കണ്ടിരുന്ന പലതും ഒരു മിഥ്യയായിരുന്നെന്നു മനസിലാക്കാൻ ഒരു പക്ഷെ കാലങ്ങൾ എടുത്തേക്കാം! എത്ര ആത്മാർഥമായി സമീപിച്ചാലും ഏച്ചുകെട്ടിയാൽ മുഴച്ചുതന്നെയിരിക്കും എന്ന സത്യം നമുക്കൊരു പക്ഷെ മിഥ്യയായി തോന്നിയിരുന്നിരിക്കാം, എന്നാൽ അതാണ് സത്യം എന്ന് കാലം തെളിയിച്ചു തരും! ജീവിതം പഠിപ്പിച്ചു തന്ന പല സത്യങ്ങളിൽ ഒന്നാകുന്നു എനിക്കത്.

എത്ര അടുത്തറിഞ്ഞു എന്ന് നമുക്ക് തോന്നിയാലും നമ്മൾ കാണാതെ ഒളിച്ചിരിക്കുന്ന ഒന്നുണ്ടാകും ഓരോരുത്തരിലും, അവിടെയാണ് നമ്മുടെ സത്യങ്ങൾ മിഥ്യയായി മാറുന്നത്! വർഷങ്ങൾക്കു മുന്നേ ഒരു കഥയിലൂടെ എനിക്കിതുപോലെയൊന്നു വരച്ചുകാട്ടിയിരുന്നിട്ടു പോലും, എനിക്കതു കാണാനായില്ല. മിഥ്യാധാരണയിൽ മുന്നോട്ടു പോകുമ്പോളും അറിഞ്ഞില്ല എന്റെ സത്യങ്ങൾ എല്ലാം തന്നെ മിഥ്യ ആയിരുന്നെന്നു!

ജീവിതം അങ്ങനെയാണ്!
ചിന്തോദ് ദീപകമല്ലേ?

3 comments:

  1. Philosophyanallo

    ReplyDelete
  2. Kadhakoottu9:02 PM

    Nallezhuthu 😀

    ReplyDelete
  3. Rainlover8:30 AM

    Sathyangal manoharamakilla palappozhum

    ReplyDelete