Saturday, June 26, 2021

ഇന്നലെ

നരേന്ദ്രനെ നമ്മൾ മറക്കാൻ സാധ്യത ഇല്ല.

അവസാനത്തെ കുറച്ചു നിമിഷങ്ങളിൽ മാത്രം ഒരു കൊടുങ്കാറ്റു പോലെ വന്നു നമുക്ക് കുറെ മാനസികസംഘർഷങ്ങളൊക്കെ തന്ന്, പിന്നീട് നമ്മളിലേക്ക് പതിഞ്ഞു പോയ ഒരു കഥാപാത്രം. അധികം സംസാരം പോലും  ഇല്ലാതെയാണെന്നും പ്രത്യേകം ഓർക്കണം.

ഈയൊരു കഥയും കഥാപത്രങ്ങളും ഒരുപാട് ഇഷ്ടമായിരുന്നു പണ്ട് കാണുമ്പോൾ. പാട്ടുകളും. കഥയുടെ ആഴങ്ങളിലേക്ക് ചെന്നത് പിന്നീട് ഒരുപാട് വർഷങ്ങൾക്കിപ്പുറം കണ്ടപ്പോളാണ്. 

ഇന്നലെ

ഒരു കവിത പോലെ മനോഹരമായ ഒരു സിനിമ. അത് പോലെ അർത്ഥവത്തായൊരു പേരും. കുറച്ചു ദിവസമായി എന്തോ 'ഇന്നലെ' കാണാൻ തോന്നിയിരുന്നു. പാട്ടുകൾ ഇടക്ക് കേട്ടത് കൊണ്ടാകാം.

ഇന്നെന്തോ അതൊന്നു കാണാൻ തോന്നി. സ്കൂളിൽ പഠിക്കുമ്പോൾ ആകും ആദ്യം 'ഇന്നലെ' കാണുന്നത്. അന്ന് കാണുമ്പോൾ കണ്ട പോലെ അല്ല പിന്നീട് കണ്ടപ്പോൾ കണ്ടത്. ഇന്ന് കണ്ടപ്പോൾ കൂടുതൽ ആഴങ്ങൾ കാണാനായി.

അന്നത് കണ്ടപ്പോൾ നരേന്ദ്രന്റെ വികാരവിചാരങ്ങളൊന്നും തന്നെ എന്നെ ബാധിച്ചതേയില്ല. എന്ത് കൊണ്ട് നരേന്ദ്രൻ ഗൗരിയെ വിട്ടുകളയാനുള്ള തീരുമാനത്തിലേക്ക് വന്നു എന്ന് ഒരു പക്ഷെ ചിന്തിച്ചിരുന്നു കാണും, എങ്കിലും ഒരുപാടു ചിന്തയൊന്നും കൊടുത്തതായി ഓർക്കുന്നില്ല . ശുഭപര്യാവസായി ആയ ഒരു കഥ ആയി അതിനെ കണ്ടു കാണും.പിന്നീടൊരുപാട് വർഷങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ എന്ത് കൊണ്ട് എന്ന് മനസിലായി താനും.

ഇപ്പോൾ വർഷങ്ങളുടെ ജീവിതാനുഭവങ്ങൾ കൊണ്ട് ഇന്നത് വീണ്ടും കാണുമ്പോൾ പദ്മരാജന്റെ ആ കഥാപാത്രത്തിനെ കൂടുതൽ ആഴത്തിൽ കാണാൻ കഴിയുന്നു, അറിയാൻ കഴിയുന്നു. കഠിനമായ ആ തീരുമാനത്തിലേക്ക് നടന്നടുക്കാൻ നരേന്ദ്രൻ എത്രയെത്ര വികാരവിക്ഷോഭനിമിഷങ്ങളിൽ കൂടി കടന്നു പോയി കാണും? എത്രയോ തവണ ആർത്തലച്ചു കരഞ്ഞു കാണും? എത്രയോ തവണ സ്വയം മറന്നു കാണും മാനസികവിഭ്രാന്തിയിൽ പെട്ട്? തലച്ചോറും ഹൃദയവും തമ്മിലുള്ള യുദ്ധത്തിൽ എത്രയെത്ര ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം കിട്ടാതെ തനിയെ നിന്ന് കാണും? ഒറ്റപ്പെട്ടു കാണും?

ശരത്തിനോടൊപ്പം ഗൗരി എന്ന മായ സന്തോഷമായി ഇരിക്കുമ്പോൾ അവളുടെ സന്തോഷങ്ങൾ തല്ലികെടുത്തണോ ? മായ ആഗ്രഹിക്കുന്നത് അവിടുത്തെ സന്തോഷം അല്ലെ? ഞാൻ അവിടെ എന്തിനു ഇടിച്ചു കയറി എല്ലാം നശിപ്പിക്കണം? അവൾക്കത് താങ്ങാൻ ആകുമോ, പ്രത്യേകിച്ചും ഒരു വാഹനാപകടത്തിൽ നിന്ന് തിരിച്ചു വന്ന അവസരത്തിൽ? അവൾ ആഗ്രഹിക്കുന്നത് കൊടുക്കുന്നതല്ലേ നല്ലത് ? എന്തിനു അവളെ നിർബന്ധിച്ചു എന്നിലേക്ക്‌ തിരിച്ചു കൊണ്ടുവരണം? അങ്ങിനെ എത്രയോ ചോദ്യങ്ങൾ? കാര്യകാരണ സഹിതം എല്ലാം തെളിയിക്കാൻ പറ്റുമെന്ന സാഹചര്യത്തിലും നരേന്ദ്രൻ തിരഞ്ഞെടുത്തത് ഗൗരിയുടെ സന്തോഷവും സമാധാനവും ആണ്. 

ജീവിതം എന്ന പ്രഹേളിക മുന്നോട്ടു പോകുമ്പോൾ നമ്മൾ മനസിലാക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്. ഓരോ വികാരത്തിനും ഓരോ മനുഷ്യർക്കു ഓരോ നിർവചനമാണ്. അത് സ്നേഹമായാലും പ്രണയമായാലും. ഓരോ വികാരവും നമ്മുടെ ജീവിതാലുടനീളം ഉണ്ടെങ്കിലും ഓരോ പ്രായത്തിലും ഓരോ നിർവചനങ്ങൾ ആകും നമ്മൾ കൊടുക്കുക. ഒരു പക്ഷെ അത് നമ്മളുടെ തീരുമാനങ്ങളിൽ കൈകടത്തും. ഒരു പക്ഷെ ജീവിതത്തെ തന്നെയും. അത് പോലെ ഒന്നാണ് നമ്മൾ 'ഇന്നലെ'യിൽ കണ്ടത്.

പദ്മരാജന്റെ ഓരോ കഥയും നമുക്ക് മുന്നിൽ നിരത്തുന്ന കുറച്ചു സത്യങ്ങളിൽ ഉണ്ട്. 'ഇന്നലെ' നമുക്ക് കാതിലോതി തരുന്ന പാഠവും ചെറുതല്ല. സൗഹൃദമായാലും സ്നേഹമായാലും പ്രണയമായാലും ആരെയും നിർബന്ധിച്ചു കൂടെ നിർത്തണ്ട കാര്യമില്ല. അവർക്കു ഇഷ്ടമുണ്ടെങ്കിൽ നമ്മൾ നിർബന്ധിക്കേണ്ടി വരില്ലല്ലോ. നമ്മുടെ കൂടെയിരിക്കാൻ താല്പര്യം ഇല്ലെങ്കിൽ അവരെ പോകാൻ അനുവദിക്കുക, അവർക്കു സന്തോഷവും സമാധാനവും കിട്ടുന്ന ഇടങ്ങളിൽ അവർ ജീവിക്കട്ടെ സന്തോഷത്തോടെ സമാധാനത്തോടെ. അവർക്കാവശ്യം നമ്മളില്ലായ്മയാണെങ്കിൽ അത് കൊടുക്കണം.

സുരേഷ് ഗോപി തകർത്താടിയ പോലീസ് വേഷങ്ങൾ ഈ ഒരു കഥാപാത്രത്തിന് മുന്നിൽ നാണിച്ചു നിൽക്കും അത്രയ്ക്ക് മനോഹരമായാണ് നരേന്ദ്രനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഗസ്റ്റ് റോളിൽ വന്നു നമ്മുടെ മനസ്സിനെ മയക്കി ആവാഹിച്ചു കൊണ്ട് പോയ ഒരു കഥാപാത്രം. മറ്റു സിനിമകളിലെ പോലെ ഘോരം ഘോരം ഡയലോഗുകൾ ഒഴുക്കി വിടുന്നില്ല, മുഖത്തെ ചെറിയ ഭാവങ്ങൾ കൊണ്ട് മാത്രം കൊണ്ടുള്ള അഭിനയമുഹൂർത്തങ്ങൾ.

നമ്മളിപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് - അതൊരു കഥയല്ലേ? അതെ കഥയാണ്. നമുക്ക് ചുറ്റും കാണുന്നത് തന്നെയാണ് കഥയായി പലരും എഴുതി വയ്ക്കുന്നത്. കഥയിൽ അത് കാണുമ്പോളൊ കേൾക്കുമ്പോളോ നമുക്ക് പ്രശ്നമല്ല. എന്നാൽ ജീവിതത്തിൽ വന്നാൽ അതിനെ നമ്മൾ കണ്ടില്ലെന്നു നടിക്കും.

ഞാനിപ്പോൾ ആലോചിച്ചത് വേറൊന്നാണ്. സിനിമാനിരൂപണം ഉണ്ട് 12 ലെ കുട്ടികൾക്ക്. നരേന്ദ്രൻ എന്ന കഥാപാത്രത്തിനെ കീറിമുറിച്ചു പഠിക്കാൻ ഒരു അവസരം ഉണ്ടാക്കിയാൽ അവർക്കതൊരു നഷ്ടമാകില്ല, മറിച്ചു ഉപകാരപ്പെടും ജീവിതയാത്രയിൽ.

ഹൃദയം പണിമുടക്കി പോകുന്നതിനു മുൻപ് കുറച്ചു നല്ല കാര്യങ്ങൾ ചെയ്യന്നത് നല്ലതല്ലേ!

6 comments:

  1. Chandu7:16 PM

    Beautifully written chechi. Review writing openings undu evde.

    ReplyDelete
  2. Kadhakootu7:19 PM

    പദ്മരാജന്റെ പേനയിൽ വരച്ച മികച്ച കഥ

    ReplyDelete
  3. Padmarajan movies had that special something that we basically hide from ourselves. Innale is quite fresh in memory. Good one, Suni.

    ReplyDelete
  4. Shalini7:34 PM

    I searched for the movie and watched after reading this post. Till now I have not come out of the feel it gave me. Beautiful is such a small word to describe it. Uthara thank you for sharing this post.

    ReplyDelete
  5. Priyanka8:29 PM

    Was extremely weary while watching the climax of this movie. Feelings beautifully flowing out from each character is what made it stand out. Padmarajan was a genius in all aspects.

    ReplyDelete